ഈ നിമിഷം
മെറിന്‍ തോമസ്

ജീവിതത്തില്‍ പലപ്പോഴും നല്ലസമയം വരുവാനും, ആ നല്ല സമയത്തിനായി അക്ഷമരായി കാത്തിരിക്കുകയും ചെയ്യുന്നവരാണ് നാമോരോരുത്തരും. കഴിഞ്ഞുപോയ സമയത്തെപ്പറ്റി  നിരാശയോടെ  ചിന്തിക്കുകയും, വരാനിരിക്കുന്ന സമയത്തെപ്പറ്റി വെറുതെ ആലോചിച്ചിരി ക്കുകയും ചെയ്യുമ്പോള്‍, ഇപ്പോള്‍ നാമായിരിക്കുന്ന ഈ സമയം ഉപയോഗശൂന്യമായി കടന്നുപോകുന്നു. ഇന്ന് നാമായിരിക്കുന്ന  ഈ നിമിഷം ഫലപ്രദമായി ഉപയോഗിക്കു വാന്‍കഴിഞ്ഞാല്‍ വരാനിരിക്കുന്ന സമയം നല്ലതുതന്നെയായിരിക്കും എന്ന് നിസ്സംശയം പറയാം. 'നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക; അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. അതിനാല്‍ നാളെയെക്കുറിച്ചു  നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും' (മത്താ. 6:33-34). ദൈവം നമുക്കായിത്തന്നിരിക്കുന്ന ഓരോ നിമിഷവും ദൈവരാജ്യവിസ്തൃതിക്കായി നാം ഉപയോഗിക്കണം. സമയം തെല്ലും നഷ്ടപ്പെടുത്താതെ 'സദാ ജാഗരൂകരായിരിക്കുവാന്‍' സുവിശേഷഭാഗ്യങ്ങളിലൂടെ ഈശോ നമ്മോടു പറയുന്നുണ്ട് (മര്‍ക്കോസ്  13:33-37, ലൂക്കാ 17:20-24, 21:34-36,  മത്താ.24:36-44). കൂടാതെ, സമയം വിവേകപൂര്‍വ്വം പ്രയോജനപ്പെടുത്തേണ്ട ആവശ്യകത വി. പൗലോസ്ലീഹായും   നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. (1 കോളോ.4:5). നല്ലസമയത്തെ പ്രതീക്ഷിച്ചിരിക്കാതെ കിട്ടിയ സമയം ഫലപ്രദമായി ഉപയോഗിക്കുവാന്‍ നമുക്ക് സാധിക്കണം. പ്രശസ്ത സാഹിത്യകാരനായ പൗലോ കൊയ്‌ലോ, ഇങ്ങനെ പറയുകയുണ്ടായി, 'നമ്മില്‍ പലരുടെയും പരാജയകാരണം ഇന്ന് നാം ജീവിക്കാത്തതാണ്'. നാം ജീവിക്കുന്നത് ഇന്നലകളിലും നാളെകളിലുമാണ്. നാമോരോരുത്തരുടെയും പക്കല്‍ എന്തെങ്കിലും ചെയ്യുവാനായി നമുക്കുള്ളത് 'ഇന്ന്' മാത്രമാണ്. ഫലപ്രദമായി നമ്മുടെ സമയം ഉപയോഗിക്കുമ്പോള്‍ അത് നമുക്കും മറ്റുള്ളവര്‍ക്കും, നന്മയ്ക്കായി പരിണമിക്കുന്നു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109957