നിസ്വാര്‍ത്ഥമായ സമര്‍പ്പണം
റോബിന്‍

തങ്ങളുടെ ജീവിതങ്ങളെ ദൈവത്തിനു സമര്‍പ്പിച്ച അനേകം വ്യക്തികളെ  ബൈബിളിലുടനീളം നാം കാണുന്നുണ്ട്. അപ്രകാരം ആരൊക്കെ തങ്ങളുടെ ജീവിതങ്ങളെ ദൈവത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ അവരുടെയെല്ലാം ജീവിതങ്ങളെ മഹത്വത്തിലേക്കുയര്‍ത്തിയ ഒരു ദൈവത്തെ നമുക്ക് കാണാനാകും. അതുപോലെ നമ്മുടെ വ്യക്തിജീവിതങ്ങളെയും ദൈവത്തിനു പരിപൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് ജീവിക്കുവാനുള്ള ഒരു വിളിയാണ് ഒരോ ക്രൈസ്തവമക്കള്‍ക്കും ലഭിച്ചിരിക്കുന്നത്.

ദൈവത്തിന്റെ ഇഷ്ടത്തിന് അനുയോജ്യമായ ഒരു ജീവിതം നയിക്കുവാനാഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. എന്നാല്‍ പലപ്പോഴും നമുക്കിതിനു സാധിക്കാതെ പോകുന്നുവെന്നതാണ് സത്യം. അതിന്റെ അടിസ്ഥാനപരമായ കാരണം പരിശോധിക്കുകയാണെങ്കില്‍ നാമെല്ലാവരും നമ്മുടേതായ കംഫര്‍ട്ട് സോണ്‍ വിട്ട് വെളിയില്‍ വരാന്‍ തയ്യാറാകാത്തതാണ് എന്നു മനസ്സിലാക്കാന്‍ സാധിക്കും. ആഴമായ ദൈവസമര്‍പ്പണം പലപ്പോഴും നമ്മില്‍നിന്ന് ചില ത്യാഗങ്ങള്‍ ആവശ്യപ്പെടും. അത്തരം ത്യാഗങ്ങള്‍ ഏറ്റെടുക്കാന്‍ നാം പലപ്പോഴും തയ്യാറാകാത്തതാണ് പരിപൂര്‍ണ്ണമായ ദൈവസമര്‍പ്പണാവസ്ഥയിലേക്ക് എത്തിച്ചേരാന്‍ നമുക്ക് തടസ്സമാകുന്നത്. 'ദൈവത്തിന് ഞാന്‍ എന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നു' എന്നു പറയുന്ന അവസ്ഥയില്‍പോലും ചില പരിധികളൊക്കെ ഈ സമര്‍പ്പണത്തിന് നാം നിര്‍ണ്ണയിക്കാറുണ്ട്. അതായത് ദൈവത്തിന് എന്റെ ജീവിതത്തില്‍ ഇഷ്ടമില്ലാത്ത ചില മേഖലകള്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ നാം തയ്യാറാകുന്നില്ല. ചില പാപസാഹചര്യങ്ങളുടെ സ്വാധീനം, ഉപേക്ഷിക്കാന്‍ മടികാണിക്കുന്ന തഴക്കദോഷങ്ങള്‍, ഈ ലോകസാഹചര്യങ്ങളെയോ, ചില വ്യക്തികളെയോ ഒക്കെ ദൈവത്തേക്കാളുപരി പ്രാധാന്യം നല്‍കുന്ന അവസ്ഥകള്‍. ഇവയെല്ലാം ദൈവസ്‌നേഹം പൂര്‍ണ്ണമായി അനുഭവിക്കുവാന്‍ തടസ്സമായി നമുക്കു മുന്‍പില്‍ പരിധികള്‍ വച്ചിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. ഇത്തരം പരിധികളുടെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിയുവാനുള്ള ഒരു തീരുമാനം നാമെടുക്കുമ്പോഴാണ് സമര്‍പ്പണജീവിതത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലുവാന്‍ സാധിക്കുകയുള്ളു.

'ദൈവത്തോട് ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന് നിങ്ങളോടും ചേര്‍ന്നു നില്‍ക്കും' (യാക്കോബ് 4:8). ഈ തിരുവചനം നമ്മുടെ ജീവിതയാത്രയ്ക്ക് ശക്തി പകരട്ടെ. പരിപൂര്‍ണ്ണമായി നാം നമ്മുടെ ജീവിതങ്ങളെ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ വലിയ മാറ്റങ്ങള്‍ ദൈവം നമ്മുടെ ജീവിതത്തില്‍ വരുത്തും. നാം ആയിരിക്കുന്ന അവസ്ഥകളെ ആ അവസ്ഥയില്‍ ത്തന്നെ ദൈവത്തിനു വിട്ടു കൊടുക്കാം. ദൈവാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ നമ്മുടെ ജീവിതങ്ങള്‍ രൂപാന്തരപ്പെടും. നിസ്വാര്‍ത്ഥമായ സമര്‍പ്പണത്തിന്റെ അവസ്ഥകളിലേക്ക് ദൈവം നമ്മെ ഉയര്‍ത്തട്ടെ.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109969