സ്‌നേഹിക്കുന്ന മനസ്സ്

    വളരെ ചെറിയ വരുമാനമുള്ള ഒരു കുടുംബം. ഭര്‍ത്താവിന് ചെറിയൊരു ജോലി. ഭാര്യയും തന്നാലാവുന്നവിധം ഭര്‍ത്താവിനെ സഹായിക്കുന്നു. എല്ലാ ഭാര്യമാരെയുംപോലെ ചെറിയ ആഗ്രഹങ്ങളും, ആവശ്യങ്ങളും അവള്‍ക്കുമുണ്ടായിരുന്നു. പക്ഷെ അവള്‍ക്ക് പരിഭവമില്ല. കാരണം  ഭര്‍ത്താവിന്റെ കഷ്ടപ്പാട് നന്നായിട്ടറിയാം. അതുപോലെ ഭര്‍ത്താവിനും. അവര്‍ തമ്മില്‍ നല്ലൊരു പരസ്പരധാരണ ഉണ്ടായിരുന്നു.

ഒരിക്കല്‍ അനുരാഗം പെയ്തിറങ്ങുന്ന സായാഹ്നത്തില്‍ അവള്‍ പറഞ്ഞു. 'ഈ മുത്തുമാല മാറ്റി ഞാനൊരു വെള്ളിമാല ധരിച്ചാല്‍ നല്ല ഭംഗിയുണ്ടാകും അല്ലേ?'

അയാളുടെ ഉള്ള് പിടഞ്ഞു. നെഞ്ചില്‍ ഒരിടിമിന്നല്‍. പക്ഷെ അയാള്‍ ഒന്നും പറയാതെ മൂളുക മാത്രം ചെയ്തു.

അയാളുടെ ഉള്ളുപിടഞ്ഞത് ഭാര്യ യ്ക്ക് മനസ്സിലായി. അപ്പോഴാണ് അവള്‍ ഓര്‍ത്തത് തന്റെ ഭര്‍ത്താവിന്റെ പൊട്ടാറായ വാച്ചിനെക്കുറിച്ച്. ചോദിക്കേണ്ടിയിരുന്നില്ല, അവള്‍ വിചാരിച്ചു. അന്നുരാത്രി അവരുടെ ചുണ്ടുകള്‍ അധികമൊന്നും സംസാരിച്ചില്ലെങ്കിലും മനസ്സ് ഒരുപാട് മന്ത്രിച്ചു.

പിറ്റേദിവസം ജോലിക്ക് പോകുമ്പോള്‍ തലേദിവസത്തെ സംഭവം അയാളുടെ മനസ്സിനെ വല്ലാതെയുലച്ചു. ജോലിക്കുശേഷം അയാള്‍ നേരേ പോയി തന്റെ വാച്ച് വിറ്റു. വാച്ചു വിറ്റു കിട്ടിയതും കൈയ്യിലുള്ളതും കൂട്ടി ചെറിയൊരു സ്വര്‍ണ്ണമാല വാങ്ങി, സ്‌നേഹത്താല്‍ വിങ്ങുന്ന ഹൃദയവുമായി അയാള്‍ വീട്ടിലേക്കോടി.

വീട്ടില്‍ച്ചെന്നു കയറിയപ്പോള്‍ വള രെ സന്തോഷത്തോടെ ചിരിച്ചു കൊണ്ടു നില്‍ക്കുന്ന ഭാര്യയെയാണ് അയാള്‍ കണ്ടത്. അയാള്‍ എന്തെങ്കിലും പറയും മുന്‍പ് അവള്‍ പറഞ്ഞു. 'ഞാന്‍ ഒരു സമ്മാനം വച്ചിട്ടുണ്ട്'. അയാള്‍ക്ക് കൗതുകമായി, അവള്‍ ഓടിപ്പോയി റൂമില്‍ നിന്നും ഒരു പൊതി കൊണ്ടുവന്നു ഭര്‍ത്താവിനു കൊടുത്തു. അയാള്‍ പൊതി അഴിച്ചു നോക്കി. വളരെ കാലങ്ങളായി വാങ്ങണം എന്ന് വിചാരിച്ചിരുന്ന ഒരു വാച്ച്. നിറകണ്ണുകളോടെ അയാള്‍ ചോദിച്ചു എങ്ങനെ വാങ്ങി? അവള്‍ പറഞ്ഞു 'എന്റെ വെള്ളിക്കൊലുസ് വിറ്റു. കൈയ്യിലുണ്ടായിരുന്നതും കൂട്ടി വാങ്ങി'.
 
പോക്കറ്റില്‍ കൈയ്യിട്ട് അയാള്‍ സ്വര്‍ണ്ണമാല അവളെ അണിയിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കണ്ണുകള്‍ തുടച്ചുകൊണ്ട് അവന്‍ അവളെ വാരിപ്പുണര്‍ന്നു. അവരുടെ കണ്ണുനീര്‍ പരസ്പരം ഒരുപാട് സംസാരിച്ചു.

രണ്ട് ശരീരങ്ങളുടെ ഒന്നിക്കലല്ല ദാമ്പത്യം. മനസ്സുകളുടെ അടുപ്പമാണ്. രണ്ട് വ്യത്യസ്ത രീതിയില്‍ വളര്‍ന്ന രണ്ടു വ്യക്തികള്‍ ദൈവത്തിന്റെ അചഞ്ചലമായ സ്‌നേഹത്താല്‍ ഒന്നിക്കലാണ്  വിവാഹം. അങ്ങനെ ദൈവം കൂട്ടിച്ചേര്‍ത്തതിനെ, അതിമനോഹരമായി ജീവിച്ച് ദൈവസ്‌നേഹത്തില്‍ നിറഞ്ഞ മക്കളെ ദൈവത്തിനു നല്‍കുക എന്നതാണ് നല്ല കുടുംബം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്.


ഭാര്യ മറിയത്തെപ്പോലെയും, ഭര്‍ത്താവ് ജോസഫിനെപ്പോലെയും ജീവിച്ചാല്‍ മക്കള്‍ ഈശോയെപ്പോലെ വളരും.


മരിയ മോള്‍, ഡല്‍ഹി

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109834