പ്രാര്‍ത്ഥനകള്‍ സ്വാര്‍ത്ഥമാകുമ്പോള്‍

പ്രാര്‍ത്ഥനകള്‍ ദൈവത്തോടുള്ള ഹൃദയസംഭാഷണമാണ്. പ്രാര്‍ത്ഥിക്കേണ്ടത് ഒരു പ്രത്യേകരീതിയില്‍ മാത്രമാണെന്ന് ആര്‍ക്കും പറയുവാന്‍ സാധിക്കില്ല. കാരണം വ്യക്തികള്‍ തോറും വ്യത്യസ്തതയുള്ളതാണ് അവരുടെ സംഭാഷണവും; ഓരോരുത്തര്‍ക്കും അവരുടേതായ രീതിയുണ്ട്. ചിലര്‍ പ്രാര്‍ത്ഥിക്കുന്നത് സര്‍വ്വശക്തനായ ദൈവത്തെ സ്തുതിച്ചും, ആരാധിച്ചും, അര്‍ച്ചനകള്‍ സമര്‍പ്പിച്ചുമായിരിക്കും; എന്നാല്‍ മറ്റുചിലരുടെ പ്രാര്‍ത്ഥനകള്‍ നിറയെ നെടുവീര്‍പ്പുകളായിരിക്കും; വേറേ ചിലര്‍ക്ക് നന്ദി മാത്രമാവാം. പ്രാര്‍ത്ഥനകള്‍ എങ്ങനെയായാലും അത് ദൈവത്തെ അംഗീകരിക്കുന്ന, വിധേയപ്പെടുന്ന, സ്‌നേഹം പ്രകടമാക്കുന്ന മനോഹരമായ അവസ്ഥയാണ്. പ്രാര്‍ത്ഥനയിലൂടെ ദൈവസ്‌നേഹം അനുഭവിക്കുവാന്‍ കഴിയുമ്പോഴാണ് പ്രാര്‍ത്ഥനകള്‍ ആനന്ദദായകമാവുന്നത്.

ഒരു കഥ വായിച്ചത് ഞാനിവിടെ പങ്കുവയ്ക്കുകയാണ്. ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ താന്താങ്ങളുടെ സ്ഥലങ്ങളില്‍ ആരാധനയ്ക്ക് പൊതുവായൊരിടം കണ്ടെത്തിയിരുന്നു. പതിനഞ്ച് കുടുംബങ്ങള്‍ അടങ്ങിയതായിരുന്നു ഒരു ഗോത്രം. അങ്ങനെ നാലു ഗോത്രങ്ങള്‍ ഒരു മരത്തിന്റെ നാലു ദിശകളിലായി അധിവസിച്ചിരുന്നു. ഈ മരത്തിന്റെ ചുവട്ടില്‍ തടി കൊണ്ടുള്ള ഒരു വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നു. ആ മരച്ചുവടാണ് തങ്ങളുടെ പൊതു ആരാധനാസ്ഥലമായി അവര്‍ കണക്കാക്കിയിരുന്നത്. ഇങ്ങനെ പലസ്ഥലങ്ങളിലും ഇതുപോലെ ആരാധനകള്‍ നടന്നിരുന്നു. ഈ ഗോത്രങ്ങളുടെയെല്ലാം ചുമതലവഹിക്കുന്ന ഒരു മൂപ്പന്‍ ഇവര്‍ക്കുണ്ടായിരുന്നു. ഈ മൂപ്പന്‍ ഇടയ്ക്കിടെയ്ക്ക് വന്ന് മരത്തിന്റെ നാല് ദിശകളിലേയ്ക്കുമുള്ള വഴി പരിശോധിക്കുമായിരുന്നു. എന്തെന്നാല്‍ ഈ വഴിയില്‍ നിന്നാണ് എവിടെയുള്ളവരാണ് ആരാധനയ്ക്ക് വരാതെ മടികാണിക്കുന്നതെന്ന് മൂപ്പന്‍ മനസ്സിലാക്കുന്നത്. വഴിനടപ്പില്ലാത്ത ദിശയില്‍ നിറയെ പുല്ലും,ചപ്പും, ചവറുകളും ഉണ്ടായിരിക്കും. എന്നാല്‍ ആരാധനയ്ക്ക് ആളുകള്‍ എത്തുന്ന ദിശയിലെ വഴി നല്ല വെടിപ്പുള്ളതായിരിക്കും.

നമ്മുടെ പ്രാര്‍ത്ഥനാജീവിതത്തിന്റെ വഴികളും നാം അവലോകനം ചെയ്യണം. പുല്ലും ചപ്പുചവറുകളും നിറഞ്ഞ വഴികളാണോ അതോ വെടിപ്പുള്ള വഴികളാണോ എന്നു മനസ്സിലാക്കി ദൈവസന്നിധിയിലേയ്ക്ക് കൂടുതല്‍ തീക്ഷണതയോടെ അടുക്കുവാന്‍ നമുക്ക് പരിശ്രമിക്കാം.

 

അനീഷ്‌

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82591