കീറുന്ന വസ്ത്രങ്ങള്‍ , കീറാത്ത ഹൃദയങ്ങള്‍

  അന്നും പതിവുപോലെ ഡ്യൂട്ടിക്കു പോകുന്ന വണ്ടിയില്‍ കയറിയ ഉടനെ ഞാന്‍ ബാഗില്‍ നിന്നും ജപമാല എടുത്തു ചൊല്ലുവാന്‍ തുടങ്ങി. പുതിയ റോഡിന്റെ പണികള്‍ നടക്കുന്നതുകൊണ്ട് അന്ന് സാധാരണ വരാറുള്ള വഴിയില്‍ കൂടിയല്ല ഞങ്ങള്‍ വന്നത്. വണ്ടിയില്‍ ആകെ ബഹളമാണ്, ഇതിനിടയില്‍ ഞാന്‍ ഒരു യാന്ത്രിക രീതിയില്‍ ജപമാല തുടര്‍ന്നു. ഇടയ്ക്ക് വണ്ടിയില്‍ ആരൊക്കെയോ എന്നെ വിളിക്കുന്നുണ്ട്, ഉള്ളില്‍ നീരസത്തോടെ ഞാന്‍ ഇരുന്നു. പെട്ടെന്ന് ഒരു കാഴ്ച എന്റെ കണ്ണില്‍ ഉടക്കി, ഒരു ചെറുപ്പക്കാരന്‍ തന്റെ ഡ്യൂട്ടി ഡ്രസ്സില്‍ കയ്യില്‍ ഒരു ബക്കറ്റുമായി കടന്നുപോകുന്നു. സമയം രാവിലെ ആറുമണി, എനിക്കാകാംഷയായി.... അയാള്‍ ആ പരിസരത്ത് കിടക്കുന്ന വേസ്റ്റുകളാണ് പെറുക്കി ബക്കറ്റില്‍ ഇടുന്നത്. അതില്‍, ആളുകള്‍ വലിച്ചെറിഞ്ഞ ഗ്ലാസ്സുകളും, ബിയര്‍ ബോട്ടിലും, മദ്യക്കുപ്പിയും, മസാല പാക്കറ്റുകളും എല്ലാം ഉണ്ട്. റോഡ് ബ്ലോക്കായതിനാല്‍ കൂടുതല്‍ സമയം കിട്ടി.... ഒരു മടിയുമില്ലാതെ ആരെയും ശ്രദ്ധിക്കാതെ ആസ്വദിച്ച്, ശാന്തമായി അയാളത് ചെയ്യുന്നു. ഒരു നിമിഷം എന്റെ കയ്യിലെ ജപമാല നിശ്ചലമായി.... എന്റെ ഉള്ളില്‍ നിന്ന് ആരോ ഒരാള്‍ പറയുന്നതുപോലെ... നീ അവനെ കണ്ടു പഠിക്ക്... നീ നിന്റെ വസ്ത്രമാണ് എന്റെ മുന്നില്‍ കീറുന്നത് ഹൃദയമല്ല... എന്ന് നീ നിന്റെ ചുറ്റുപാടുകളെ, ചുറ്റുമുള്ളവരെ സ്‌നേഹിക്കാന്‍, അതും നിസ്വാര്‍ത്ഥമായി, ലാഭേച്ഛയില്ലാതെ തുടങ്ങുന്നുവോ; അന്നേ നീ നിന്റെ ദൈവത്തെക്കാണൂ, നിന്റെ ദൈവം നിന്നെയും സ്‌നേഹിക്കൂ…

    നമുക്കുചുറ്റുമുള്ള വൃത്തിഹീനതയിലേക്ക് കാറിത്തുപ്പാതിരിക്കാം.... എന്നാല്‍ മാത്രമേ നമുക്ക് മറ്റൊരു ക്രിസ്തുവിന്റെ ചെറിയ ഒരു പതിപ്പെങ്കിലും ആകാന്‍ കഴിയൂ....

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141477