ആഘോഷങ്ങള്‍ ആഢംബരങ്ങളാകുമ്പോള്‍

പ്രവാസികളായ നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ ജീവിതത്തിലെ ആഘോഷങ്ങള്‍ ചിലപ്പോഴൊക്കെ അത്യാഢംബരത്തിലേക്ക് വഴിമാറാറുണ്ട്. പ്രത്യേകിച്ച് മാമ്മോദീസ, ആദ്യകുര്‍ബ്ബാന, വിവാഹം മുതലായ കൂദാശസ്വീകരണങ്ങള്‍.

ഈ മരുഭൂമിയിലെ കൊടും ചൂടിനോട് പടവെട്ടി നാം സമ്പാദിക്കുന്ന പണവും, ചിലപ്പോള്‍ കടം വാങ്ങിയും നാം നമ്മുടെ ആഘോഷങ്ങളുടെ മോടി കൂട്ടാനായി യാതൊരു സങ്കോചവു മില്ലാതെ ചിലവഴിക്കും. നമ്മുടെ വലിപ്പവും, പത്രാസും നാട്ടുകാരെ കാണിക്കാന്‍ ഇതുകൊണ്ട് കഴിയും എന്ന് നാം വിചാരിക്കുന്നു. എന്നാല്‍ സത്യത്തില്‍ എന്താണ് സംഭവിക്കുന്നത്? നാം വലിയ സാമ്പത്തിക പ്രതിസന്ധികളില്‍ അകപ്പെടുന്നു. മാത്രമല്ല ജീവിതം ആകെ താളം തെറ്റുന്നു. കൂടാതെ ദൈവത്തിന്റെ പ്രസാദവരം നമ്മിലേക്ക് ചൊരിയപ്പെടുന്ന കൂദാശസ്വീകരണങ്ങളില്‍ മദ്യവും ധൂര്‍ത്തും മൂലം അതിന്റെ ആത്മീയ ആനന്ദം നമുക്ക് അനുഭവിക്കാന്‍ സാധിക്കാതെ വരുന്നു. കൂദാശകള്‍ വെറും ചടങ്ങായി മാറുന്നു.

ഇതേ അവസരത്തില്‍ നാം കണ്ടിട്ടും കാണാതെ പോകുന്ന ഒരുപാട് മുഖങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഒരു നേരത്തെ ആഹാരത്തിന് വഴിയില്ലാത്തവര്‍, ഫീസടക്കാനില്ലാതെ പഠനം മുടങ്ങുന്ന കുട്ടികള്‍, ചോര്‍ന്നൊലിക്കുന്ന കൂരക്ക് കീഴെ അന്തിയുറങ്ങുന്നവര്‍ അങ്ങനെ ഒരുപാട് ആളുകള്‍. ഇവരെയെല്ലാം സഹായിക്കാന്‍ നമുക്ക് കഴിയില്ല എന്നാലും നമ്മുടെ ആഘോഷങ്ങള്‍ക്ക് നാം അമിതമായി ചിലവഴിക്കുന്ന തുകയില്‍നിന്ന് ചെറിയൊരു വീതം കൊണ്ട് ഇവരില്‍ ആരുടെയെങ്കിലും കണ്ണീരൊപ്പാന്‍ കഴിഞ്ഞെന്ന് വരാം. അങ്ങനെ നമ്മുടെ ജീവിതത്തിലെ ആഘോഷങ്ങള്‍ക്ക് പൂര്‍ണ്ണമായ അര്‍ത്ഥം കൈവരും. ഇനിയെങ്കിലും നമ്മുടെ ജീവിതത്തിലെ ആഘോഷ വേളകളില്‍ ഒരാളെയെങ്കിലും സഹായിക്കാം എന്ന ഉറച്ച തീരുമാനം നമുക്ക് എടുക്കാം.

അങ്ങനെ അവസാന വിധിയില്‍ പ്രഭാപൂര്‍ണ്ണനായ രാജാവ് നമ്മോടും അരുളിച്ചെയ്യും, എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരെ വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍. എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍ മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തു തന്നത് . (മത്തായി 25:34-40)

ജോബിന്‍ അഗസ്റ്റ്യന്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109969