ടൈറ്റാനിക്കിലെ സ്നേഹമയിയായ ഭാര്യ

1915 ഏപ്രില്‍ 15 ന് നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങി നശിച്ച ടൈറ്റാനിക് എന്ന ഭീമന്‍ കപ്പലിന്റെ ദുരന്തം ലോകത്തെ വല്ലാതെ ഞെട്ടിച്ചിരുന്നു. 2,223 യാത്രക്കാരില്‍ 1,514 പേരും മരിച്ചു. കപ്പലില്‍ ആവശ്യത്തിന് ലൈഫ്‌ബോട്ടുകളില്ലായിരുന്നു. അതിനാല്‍ കപ്പലിന്റെ ക്യാപ്റ്റന്‍ ഒരു തീരുമാനമെടുത്തു: ആദ്യം കുട്ടികളെയും സ്ത്രീകളെയും ലൈഫ്‌ബോട്ടുകളില്‍ കയറി രക്ഷപ്പെടുവാന്‍ അനുവദിക്കുക. പല സ്ത്രീകളും ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പക്ഷേ, വളരെ ഹൃദയസ്പര്‍ ശിയായ ഒരു സംഭവം അവിടെ നടന്നു. ഒരു സ്ത്രീയെ ലൈഫ്‌ബോട്ടില്‍ കയറി രക്ഷപ്പെടുവാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ പറഞ്ഞു: ''ഇല്ല, ഒരിക്കലും ഞാന്‍ തനിച്ച് രക്ഷപ്പെടുകയില്ല.'' അവള്‍ തന്റെ ഭര്‍ത്താവിന്റെ കരങ്ങളില്‍ നിന്ന് പിടിവിട്ടില്ല. അവള്‍ ഭര്‍ത്താവിനോട് ചേര്‍ന്ന് അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് പോയി.

ഈ സംഭവം ആഴമായ ചിന്തയ്ക്ക് വകതരുന്നുണ്ട്, പ്രത്യേകിച്ചും കുടുംബജീവിതം നയിക്കുന്ന വര്‍ക്ക്. പ്രതിസന്ധിയുണ്ടാകുമ്പോഴാണ് ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ചുനില്‌ക്കേണ്ടത്. പക്ഷേ, അതത്ര എളുപ്പമല്ല താനും. സന്തോഷകരമായ സാഹചര്യങ്ങളില്‍, നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കുക യില്ല, നീ എന്റെ ജീവന്റെ ജീവനാണ് എന്നൊക്കെ പറയുവാന്‍ എളുപ്പമാണ്. സാധാരണ എല്ലാ ദമ്പതികളും ഇതൊക്കെയാണ് പറയാറ്. ഇതൊരുപക്ഷേ, മനുഷ്യന് പാരമ്പര്യമായി കിട്ടിയതായിരിക്കാം. കാരണം, ആദ്യദമ്പതികളുടെ ജീവിതാനുഭവം അതായിരുന്നല്ലോ. എന്നാല്‍, ഒരു പരാജയം ഉണ്ടാകു മ്പോള്‍ എല്ലാം മാറുന്നു. പരസ്പരം കുറ്റപ്പെടുത്തുന്നു, പഴിചാരുന്നു. ആദം മുതല്‍ ഇങ്ങോട്ട് എല്ലാ കുടുംബങ്ങളിലും ഇത് ഇന്നും സംഭവിക്കുന്നു.

സ്‌നേഹം മാറ്റുരച്ച് നോക്കപ്പെടുന്നത് പ്രതിസന്ധിയുടെ നാളുകളിലാണ്. യഥാര്‍ത്ഥ സ്‌നേഹമാണെങ്കില്‍ അവിടെ ഭാര്യയും ഭര്‍ത്താവും ഒരു മനസുള്ളവരായിരിക്കും, പരസ്പരം മനസു കൊണ്ട് ചേര്‍ന്നുനില്ക്കും. പ്രതിസന്ധിയില്‍ കുറ്റപ്പെടുത്താതെ, താങ്ങുന്ന സ്‌നേഹമാണ് യഥാര്‍ത്ഥ സ്‌നേഹം.

കുറ്റപ്പെടുത്താതെ വീണ്ടും സ്‌നേഹിക്കുന്നത് ദൈവിക സ്‌നേഹത്തിന്റെ പ്രത്യേകതയാണ്. സ്വന്തം കുറ്റംകൊണ്ട് എല്ലാം നഷ്ടപ്പെടുത്തി തിരിച്ചുവന്ന ധൂര്‍ത്തപുത്രനെ പിതാവ് കുറ്റപ്പെടുത്തുന്നില്ല. മറിച്ച്, സ്‌നേഹം ഉദാരമായി നല്കുകയാണ് ചെയ്യുന്നത്. അതെ, അതിനു മാത്രമേ മുറിവ് ഉണക്കാന്‍ സാധിക്കുകയുള്ളൂ. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ ദൈവികസ്‌നേഹം പ്രാവര്‍ത്തികമാക്കിയാല്‍ വളരെ സന്തോഷത്തോടെ നമുക്ക് ജീവിക്കാന്‍ സാധിക്കും. അങ്ങനെ ദൈവത്തോട് ചേര്‍ന്ന് പടുത്തു യര്‍ത്തുന്നവരായി നമുക്കും രൂപാന്തരപ്പെടാം. അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.

കെ.ജെ.മാത്യു

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109839