മാധ്യമങ്ങള്‍ അനുകരണയോഗ്യമോ???.....
Article ഫാ.പ്രിന്‍സ് തെക്കെപ്പുറം C.Ss.R

Annual Issue Images

വിശാലമായ ലോകത്തെ വീട്ടിനുള്ളില്‍ വിരുന്നെത്തിക്കാന്‍ മാത്രം മാധ്യമങ്ങള്‍ വളര്‍ന്നിരിക്കുന്നു. ഒരിക്കലും ജീവനോടെ കണ്ടിട്ടില്ലാത്ത പലരും; അത് മദര്‍തെരേസയാകട്ടെ, ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാകട്ടെ, നമ്മുടെ പ്രിയപ്പെട്ടവരാകുന്നതും ഈ ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെത്തന്നെ. ഒരിക്കലും കണ്ടിട്ടില്ലാത്ത നയാഗ്ര വെള്ളച്ചാട്ടവും, ചൈനയിലെ വന്‍മതിലും, ബഹിരാകാശ വിസ്മയവുമൊക്കെ നമ്മുടെ തൊട്ടുമുന്‍പിലെത്തിക്കുന്നതും ഇതേ മാധ്യമലോകം തന്നെ. ചുരുക്കി പറഞ്ഞാല്‍ ഈ ബൃഹത് പ്രപഞ്ചം ചുരങ്ങി ചുരുങ്ങി നമ്മുടെ കൈവെള്ളയിലൊതുങ്ങി തുടങ്ങി. 

  ഏതൊരാളുടെയും അറിവിന്റെ ലോകത്തെ വിശാലമാക്കുന്നതോടൊപ്പം ബന്ധങ്ങളുടെ ലോകത്തേയും മാധ്യമങ്ങള്‍ വിശാലമാക്കി. കേരളത്തിലെ കൊച്ചുഗ്രാമളില്‍ അയിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുമായി സംവദിക്കാനും ആശയവിനിമയം നടത്താനും ഇവിടെ ആയിരിക്കുന്ന നമുക്ക് സാധിക്കുന്നു. എന്നാല്‍ ഇതിന് ഒരു മറുവശം കൂടിയില്ലേ? ശാരീരിക ദൂരങ്ങള്‍ ഇല്ലാതെയാവുന്ന കാലത്ത് മാനസികമായ അകലങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു എന്നതാണ് സത്യം.

പുതുമ തേടുന്ന യുവതലമുറയ്ക്ക് മുന്നിലേയ്ക്ക് ടി.വി. ചാനലുകള്‍ തുറന്നിട്ട വാതായനങ്ങളായിരുന്നു മൊഴിമാറ്റം നടത്തിയ സിനിമളും സീരിയലുകളും.  'ആക്ഷനും' 'കട്ടിനും'ഇടയിലെ 'അഭിനയം' മാത്രമാണ് അവയില്‍ കാണുന്നതെന്ന തിരിച്ചറിവില്ലാതെ നമ്മുടെ യുവതലമുറ ഇന്ന് അന്യഭാഷാ-സംസ്‌ക്കാരശൈലികള്‍ അന്ധമായി പിന്‍തുടരുന്നില്ലെ എന്ന് സ്വയം ചോദിക്കേണ്ടതാണ്. എന്റെ ശരീരത്തിനും മനസ്സിനും നാടിനും ചേരുന്നതെന്തോ അതാണ് എന്റെ ഫാഷന്‍, എന്ന് മനസ്സിലാക്കുന്ന യുവത്വം വളര്‍ന്നുവന്നിരുന്നെങ്കില്‍..അന്ധമായ അനുകരണം അടിമയാക്കുമെന്ന കേവല സത്യം നമുക്ക് മറക്കാതിരിക്കാം.

  സ്വന്തം മുറിയിലേയ്ക്ക് അമ്മ വരരുതെന്ന് ശാഠ്യം പിടിക്കുന്ന പതിനൊന്നു വയസ്സുകാരിയും, എപ്പോഴോ ഒരിക്കല്‍ മാത്രം കണ്ട ഫുട്‌ബോള്‍ താരത്തിന്റെ ഹെയര്‍സ്റ്റൈല്‍ അനുകരിച്ച് കോമാളിയാകുന്ന ചെറുപ്പക്കാരനുമൊക്കെ ഇത്തരമൊരു അടിമത്തത്തില്‍ ബന്ധങ്ങള്‍ അകറ്റുന്ന സംസാക്കാരത്തിലല്ലേ എന്ന് സംശയിക്കാതെ തരമില്ല.

   പവിത്രവും പരിശുദ്ധവുമായ പ്രണയം എന്നൊന്നില്ല എന്ന് വാദിക്കുന്ന ഒരു കഥാപാത്രം ഈയടുത്ത് സിനിമയില്‍ കണ്ടു. സഹപാഠികള്‍ തമ്മിലുള്ള സൗഹൃദത്തെ പ്രണയമാക്കിയും, പ്രണയത്തെ കേവലം ശാരീരികബന്ധം മാത്രമാക്കി വ്യാഖ്യാനിച്ചും ആ സിനിമ അലങ്കോലപ്പെടുത്തി എന്നതാണ് വാസ്തവം. എല്ലാ സുഹൃത്ബന്ധങ്ങളും പ്രണയത്തിലെത്തണമെന്ന് ദു:ശാഠ്യം പിടിക്കുന്ന മാധ്യമലോകം യഥാര്‍ത്ഥ പ്രണയമെന്തെന്ന് മറക്കുന്നു.

   ചിന്തിക്കൂ സഹോദരരേ.... ലൗകിക സന്ദേശങ്ങള്‍ വാരിവിതറുന്ന ഇന്നത്തെ ദൃശ്യമാധ്യമങ്ങള്‍ അനുകരണയോഗ്യമോ? നമ്മുടെ കുട്ടികള്‍ അവ കണ്ടാണ് വളരുന്നത്. ക്രിസ്ത്യാനികളായ നാം മാധ്യമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ എത്ര ശ്രദ്ധിക്കാറുണ്ട്. കുട്ടികളിലേയ്ക്ക് ക്രിസ്തുഭാവത്തിനുതകുന്ന സന്ദേശങ്ങളാണോ എത്തുന്നത് എന്ന് നാം എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ? മാധ്യമങ്ങള്‍ ഫലപ്രദമായരീതിയില്‍ വിനിയോഗിക്കാനും മാധ്യമങ്ങളിലൂടെ നല്ല സന്ദേശങ്ങള്‍ യുവതലമുറയ്ക്ക് പകര്‍ന്നുകൊടുക്കാനും ജീസസ് യൂത്തായ നമുക്ക് പ്രതിജ്ഞയെടുക്കാം. മാധ്യമങ്ങള്‍ നല്ലതിനാകട്ടെ..നല്ല സന്ദേശങ്ങള്‍ മാധ്യമങ്ങളിലൂടെ വരും തലമുറയ്ക്ക് ലഭിക്കട്ടെ. അങ്ങനെ, മാധ്യമങ്ങളിലൂടെ തന്നെ ക്രിസ്തുപാതയില്‍ ചരിക്കുന്ന ഒരു പുതു തലമുറയേ വാര്‍ത്തെടുക്കാന്‍ നമുക്ക് ശ്രമിക്കാം. ദൈവം നമ്മെ അതിനായി അനുഗ്രഹിക്കട്ടെ.

Read more Articles



Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 54901