സഹനപാതയില്‍ കരം പിടിച്ചവര്‍
Article ജോഫി ഡേവിഡ്

Annual Issue Images

   'നീ ഇപ്പോള്‍ നാട്ടിലേക്ക് പോയാല്‍ മതി, ഇപ്പോള്‍ നിനക്ക് പുതിയ ജോലിയെല്ലാം കിട്ടും. പക്ഷേ, ഇപ്പോള്‍ ജോലിക്ക് കയറണ്ട. മറിച്ച് ദൈവം, നീ ഇപ്പോള്‍ നാട്ടിലേക്ക് പോകുവാനാണ് ആഗ്രഹിക്കുന്നത്'. ബ്രദര്‍ ആന്റണി പെരേര 2008 ആഗസ്റ്റ് മാസത്തില്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് പറഞ്ഞുതന്ന സന്ദേശമാണിത്.  

  2004ല്‍ ആണ് ഞാന്‍ ജോലി അന്വേഷിച്ച് ദുബായില്‍ വന്നത്. നീണ്ട കാലത്തെ ജോലി അന്വേഷണത്തിന് ശേഷം 2005 ജനുവരിയില്‍ ഞാന്‍ ജോലിയില്‍ പ്രവേശിച്ചു. നാട്ടില്‍ ജീസസ്സ് യൂത്തിലൂടെ ലഭിച്ച ദൈവസ്‌നേഹം ആവോളം അനുഭവിച്ചിട്ടുളളതിനാല്‍ ദുബായില്‍ വന്ന ആദ്യ ആഴ്ച്ച തന്നെ ദുബായ് ജീസസ്സ് യൂത്തിനെക്കുറിച്ച് അന്വേഷിക്കുവാനും അതിന്റെ ഭാഗമാകുവാനും എനിക്ക് സാധിച്ചു. അനേകം ദൈവാനുഭവങ്ങളുടേയും, കൂട്ടായ്മയുടെ ആഹ്‌ളാദങ്ങളുടെയും കാലമായിരുന്നു അത്. വിവിധ ട്രെയിനിങ്ങ് പ്രോഗ്രാമുകളിലൂടെയും അവന്‍ അവന്റെ സ്‌നേഹം എന്നില്‍ ആഴത്തില്‍ പതിപ്പിച്ചു.

  2007 ല്‍ ദൈവം എന്നെ വിവാഹം എന്ന ജീവിതാന്തസിലേക്ക് പ്രവേശിപ്പിച്ചു. എന്റെ മൂന്നു വര്‍ഷത്തെ വിസയുടെ കാലാവധി കഴിയാറായപ്പോള്‍ ഞാന്‍ പുതിയ ജോലിക്കുളള അന്വേഷണം ആരംഭിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ജീസസ്സ് യൂത്ത് 'അഭിഷേകം' എന്ന പേരില്‍ ഒരു ഏകദിന പ്രോഗ്രാം ചെയ്യാന്‍ തീരുമാനിച്ചത്. ദുബായ് സര്‍വ്വീസ് ടീമിന്റെ ഭാഗമെന്ന നിലയില്‍ പ്രോഗ്രാമിന്റെ ഫിനാന്‍സ് ചെയ്യാനുളള ഉത്തരവാദിത്വം എനിക്കാണ് ലഭിച്ചത്. ആ പ്രോഗ്രാമിന് വേണ്ടിയാണ് ബ്രദര്‍ ആന്റണി പെരേര നാട്ടില്‍ നിന്നും വരുന്നതും, എനിക്കുവേണ്ടി കൗണ്‍സിലിംഗ് നടത്താനും ഇടയായത്. ബ്രദര്‍ ആദ്യം പള്ളിനടയില്‍ വച്ച് പറഞ്ഞ സന്ദേശത്തിന് ശേഷം, ബ്രദര്‍ താമസിച്ചിരുന്ന ഭവനത്തില്‍വച്ചും പ്രാര്‍ത്ഥിക്കാനും സന്ദേശങ്ങളെടുക്കാനും അവസരം ലഭിച്ചു. പുതിയ ജോലിയില്‍ കയറുന്നതിന് മുമ്പ് നാട്ടിലേക്ക് പോകണമോ, അതോ ഇവിടെത്തന്നെ നിന്ന് വിസ മാറ്റിയാല്‍ മതിയോ എന്നുളള എന്റെ ആശയക്കുഴപ്പത്തിന് യേശു വ്യക്തമായ മറുപടി ബ്രദറിലൂടെ നല്കി. തുടര്‍ന്ന് ഏകദിന പ്രോഗ്രാമിനുശേഷം ഞാന്‍ നാട്ടിലേക്ക് മടങ്ങി.

  നാട്ടില്‍ചെന്ന്  ദൈവപ്രേരണയാല്‍ ആ ആഴ്ചയില്‍തന്നെ എനിക്ക് കൊളസ്‌ട്രോള്‍ പരിശോധിക്കണമെന്ന് തോന്നി. അതിനു വേണ്ടി ലാബില്‍ ചെന്നപ്പോള്‍ അവിടെ 500 രൂപയുടെ മുഴുവന്‍ ബോഡി ചെക്കപ്പിന്റെ പരസ്യം കണ്ടു. അതു ചെയ്യാമെന്ന് വിചാരിച്ച് ഞാന്‍ തിരിച്ചു പോരുകയും, അടുത്ത ദിവസം യൂറിനും, ബ്ലഡും കൊടുത്ത് എല്ലാ പരിശോധനയും ചെയ്യുകയും ചെയ്തു. പരിശോധനാ ഫലം വന്നപ്പോള്‍ ലാബ് ടെക്‌നീഷ്യന്‍ ശാരീരികമായി എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടോയെന്ന് തിരക്കി. എനിക്ക് യാതൊരു അസ്വസ്ഥകളും തോന്നുന്നില്ല, എന്തുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്ന് ഞാന്‍ തിരിച്ച് ചോദിച്ചു.അപ്പോള്‍ അവര്‍ എനിക്ക് തന്ന പരിശോധനാ ഫലത്തില്‍ വൃക്ക സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും നെഗറ്റീവ് ആയിരുന്നു. ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന എന്റെ കസിന്‍ സിസ്റ്ററിന്റെ അടുത്ത് ആ പരിശോധനാഫലം ഞാന്‍ കാണിച്ചു.  സിസ്റ്റര്‍ വീണ്ടും സാമ്പിള്‍ എടുക്കുകയും പരിശോധിക്കുകയും ചെയ്തു. അപ്പോഴും അതു തന്നെയായിരുന്നു ഫലം. തുടര്‍ന്ന് സഹോദരിയുടെ നിര്‍ദേശപ്രകാരം തൃശൂരിലുളള സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ നെഫ്രോളജിസ്റ്റിനെ കണ്ടു. ഡോക്ടറുടെ നിര്‍ദ്ദേപ്രകാരം ചെയ്ത പല ടെസ്റ്റുകള്‍ക്കുംശേഷം ബയോപ്‌സി ചെയ്യുകയും ചെയ്തു.

 ബയോപ്‌സി റിസള്‍ട്ടിലൂടെയാണ് എന്റെ രണ്ട് വൃക്കകളും 18 ശതമാനത്തോളം ഡാമേജ് ആണെന്ന സത്യം ഞാനറിഞ്ഞത്. ആ സമയം ഡോക്ടര്‍ എന്നോട് ചോദിച്ചു എന്തുകൊണ്ടാണ് നീ വൃക്കയുടെ ടെസ്റ്റ് ഇപ്പോള്‍ ചെയ്യാനിടയായത്, മൂന്നോ നാലോ വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നെങ്കില്‍ വൃക്ക പൂര്‍ണ്ണമായും നശിച്ചു പോകുമായിരുന്നു. സാധാരണ  60 ശതമാനം എങ്കിലും വൃക്ക കേടുവന്നതിനുശേഷമോ, അല്ലെങ്കില്‍ മറ്റ് അസുഖങ്ങള്‍ക്ക് വേണ്ടി പരിശോധന നടത്തുമ്പോഴോ, ചികിത്സിക്കുമ്പോഴോ മാത്രമേ വൃക്കയുടെ അസുഖം കണ്ടുപിടിക്കാന്‍ സാധിക്കൂ. അപ്പോഴാണ് യേശു എന്നെ എന്തുകൊണ്ടാണ് പുതിയ ജോലിയില്‍ പ്രവേശിപ്പിക്കാതെ നാട്ടിലേക്ക് പറഞ്ഞു വിട്ടതെന്ന ബോധ്യം എനിക്കുണ്ടായത്.

  'നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി' (ജെറമിയ 29:11) എന്ന വചനം അങ്ങനെ എന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമായി. ദൈവത്തിന് നമ്മെപ്പറ്റിയുളള കരുതല്‍ അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. 

 തുടര്‍ന്നുളള വര്‍ഷങ്ങള്‍ സഹനങ്ങളുടേതായിരുന്നു. വിവിധതരം സ്റ്റീറോയിഡുകളും, വില കൂടിയ ആന്റിബയോട്ടിക്കുകളും കഴിച്ച് ഞാന്‍ വളരെ തടിക്കുകയും പലവിധ ശാരീരികാസ്വാസ്തതകളിലൂടെയും കടന്നു പോയി. വീട്ടില്‍ ഏക വരുമാന മാര്‍ഗം ഞാനായിരുന്നതിനാലും, ഒരു  വര്‍ഷത്തിലേറെ ജോലി ചെയ്യാന്‍ സാധിക്കാതിരുന്നതിനാലും വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. വിവാഹം കഴിഞ്ഞ്  കുറച്ചു മാസങ്ങളേ ആയിട്ടുള്ളൂവെങ്കിലും എന്റെ ജീവിത പ്രതിസന്ധിയില്‍ ഭാര്യ എനിക്ക് എല്ലാ സഹായത്തോടും കൂടെയുണ്ടായിരുന്നു. ഇക്കാലയളവിലുണ്ടായ എല്ലാ സാമ്പത്തിക ഞെരുക്കങ്ങളിലും വേദനകളിലും പിടിച്ചുനില്കാന്‍ സാധിച്ചത് ദുബായ് ജീസസ്സ് യൂത്ത് സുഹൃത്തുകളുടെ സഹായം കൊണ്ടാണ്. '

 'കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല. അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല''(വിലാ. 3:22). നീണ്ട അഞ്ചു വര്‍ഷക്കാലം ചെറിയ ജോലികള്‍ ചെയ്ത് നാട്ടില്‍ തന്നെ നിന്നു. ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ചതിലും വളരെ വേഗത്തില്‍ തന്നെ, എല്ലാവരുടേയും പ്രാര്‍ത്ഥനയാല്‍ ദൈവം അസുഖം നിയന്ത്രണത്തിലാക്കിത്തന്നു. തുടര്‍ന്ന് ദൈവപ്രേരണയാല്‍ ദുബായ് ജീസസ്സ് യൂത്തിന്റെ സഹായത്തോടെ 2013ല്‍ വീണ്ടും ഇവിടേക്ക് തിരിച്ച് വരാന്‍ ദൈവം ആരോഗ്യം നല്കി. അധികം വൈകാതെ തന്നെ നല്ലൊരു ജോലി നല്കി ദൈവമെന്നെ അനുഗ്രഹിച്ചു. ആറുമാസത്തിന് ശേഷം ജീവിതപങ്കാളിയെ കൊണ്ടുവരാന്‍ ഫാമിലി സ്റ്റാറ്റസും ദൈവം നല്കി. യേശു എനിക്ക് തിരിച്ചുതന്ന രണ്ടാം ജന്മം മുഴുവന്‍ യേശുവിന് വേണ്ടി ഞാന്‍ മാറ്റിവയ്ക്കുന്നു. കൂടാതെ ഈ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് ആശ്വാസവും പ്രത്യാശയും നല്കാന്‍ യേശു എന്നെ ഒരു ഉപകരണമാക്കുന്നു. 

എന്റെ അനുഭവം വായിക്കുന്ന പ്രിയ കൂട്ടുകാരെ, നിങ്ങളും മനസ്സിലാക്കുക; ദൈവത്തിന് നിങ്ങളെപ്പറ്റി ഒരു ക്ഷേമകരമായ പദ്ധതിയുണ്ട് ഒരു പക്ഷെ നിങ്ങള്‍ ഇപ്പോള്‍ പലവിധ സഹനങ്ങളിലൂടെ കടന്നുപോകുന്നവരായിരിക്കാം. പക്ഷെ അതെല്ലാം നന്മയ്ക്കായി മാറ്റുവാന്‍ ദൈവത്തിന് ഒരു നിമിഷം മതി. എപ്പോഴും വിശ്വാസത്തോടെ, നന്ദിപറഞ്ഞു കൊണ്ട് ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുക.

 

Read more ArticlesCopyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70588